Monday, 21 March 2011

തിരിച്ചറിവുകൾ

എത്രയോ കാലം കാത്തിരിക്കുമ്പോഴാണ്‌
ഒരു മഴ ഹൃദയത്തിലേയ്ക്ക്
ആഞ്ഞു പതിക്കുന്നത്
എത്രയോ വ്യാഴവട്ടങ്ങൾക്കു ശേഷമാണ്‌
ഉള്ളിൽ ചില നാമ്പ്പുകൾ മുളച്ചുപൊന്തി
തളിരിലകളിടുന്നത്
എത്രയൊ കനവുകൾ പൊലിഞ്ഞു തീരുമ്പോഴാണ്‌
ജീവിതത്തിന്റെ ഉർവരതകൾക്കുമേൽ
ശിശിരം പെയ്തിറങ്ങുന്നത്
മഴ ആരുടേയും അവകാശമല്ല
സ്വപ്നം കാണുന്നവനും കൂടുകൂട്ടുന്നവനും
പെരുവഴിയിലേയ്ക്കിറങ്ങിപ്പോകുന്നവനും
വെറുതേ പിഞ്ചെല്ലുന്ന കൂട്ടുകാരൻ
മാത്രമാണ്‌
വൃക്ഷങ്ങൾ ആരുടേയും സ്വത്തല്ല
ആരുമില്ലാത്തവനും
തളർന്നു വീഴുന്നവനും
കാത്തിരിക്കുന്നവനും
ഉറങ്ങാനൊരു തണൽ മാത്രമാണ്‌
ശിശിരം ആർക്കുവേണ്ടിയും പെയ്തിറങ്ങുന്നില്ല
വന്നുപോകുന്നവനും
ഉണർന്നിരിക്കുന്നവനും
ഉറക്കം കാക്കുന്നവനും
ഒരു തണുത്ത സ്പർശം മാത്രമാണ്‌

നഷ്ടപ്പെട്ടവൻ

കറുത്ത നിറമുള്ളൊരാൾ കരഞ്ഞും പറഞ്ഞും
ഹൃദയത്തിലേയ്ക്കു കയറിവന്നു
ചിലമ്പുന്ന ചങ്ങാതിക്കൂട്ടങ്ങളിൽ
വെളുത്ത ചിരിയുള്ള അവൻ
ഒറ്റക്കിരുന്നു
കടലിനു കുറുകെ പറക്കുന്ന
ദേശാടനക്കിളികളെക്കാണിച്ച്
മഞ്ഞുപെയ്യുന്ന തീരത്തെക്കുറിച്ച്
വാതോരാതവൻ പറഞ്ഞു
ഉടയുന്ന വളപ്പൊട്ടുകൾ ചേർത്ത്
മാലയുണ്ടാക്കാൻ പ​‍ിപ്പിച്ചു
ചകിരിനാരുകൊണ്ട് കൂടുണ്ടാക്കുന്ന
കുരുവിയെയാണവൻ
സ്വപ്നം കണ്ടത്
പിന്നീടെപ്പൊഴോ
മഞ്ഞുരുകി
മഴ പെയ്തു
ആ മലവെള്ളപ്പാച്ചിലിൽ
അവനൊഴുകിപ്പോയി.

Thursday, 17 March 2011

ഒരുമിച്ച്

സങ്കടങ്ങളുടെ ഗദ്സമെനിൽ വച്ച്
ഇരുവരും തമ്മിൽ കണ്ടെത്തി
സൗമ്യതയുടെ പദ്മതീർത്ഥത്തിൽ
സ്നാനപ്പെട്ട്
പരസ്പരം കൈചേർത്തുപിടിച്ച്
പരുക്കൻ മണ്ണിലേക്കു പദമൂന്നി
തപ്തബാഷ്പം നിറഞ്ഞ
മിഴികൾക്കു മേൽ
സൂര്യോദയം പോലെ
ഒരു ഹൃദയനിലാവ്
അവരെ വഴിനടത്തി

Wednesday, 16 March 2011

പരമ്പര

                       
പ്രതിമകൾ സംസാരിച്ചു തുടങ്ങിയതാണ​‍് എന്റെ സ്വപ്നം
പ്രതീക്ഷതൻ കുന്നിൻപുറത്തിരുന്നവ
കുറ്റങ്ങളേറ്റു പറയുന്നു
നിലച്ചുപോയ ഘടികാരസൂചികളെടുത്ത്
നെഞ്ചിലാഞ്ഞു കുത്തുന്നു
മിണ്ടാതെ മരവിച്ച ചുണ്ടുകൾക്കുമേൽ
വഴുത്ത തുപ്പലിറ്റുന്നു
മാനത്തുനോക്കിയിരുന്നപ്പോൾ
അയാൾ ആർക്കോ തുണയായി
മഴ പെയ്തപ്പോൾ അവൾ
കുഞ്ഞുങ്ങൾക്ക് അമ്മയായി
വെയിലേറ്റപ്പോൾ അവർ
നമുക്ക് ആരുമല്ലാതായി
മഞ്ഞുചുട്ടെടുത്ത് അവർ
ഭൂമിയെ പൊള്ളിക്കുന്നു
തീയെ നനച്ചെടുത്ത്
പുല്ലിനെ കുളിർപ്പിക്കുന്നു
തലമുറകൾതോറും തന്റെ ബീജം പതിപ്പിച്ച്
പ്രതിമകളുടെ പരമ്പര മണ്ണിൽതീർക്കുന്നു