Wednesday, 23 February 2011

ചിറക്

ചിറകു വിടർത്തിയ പക്ഷി
          കാലത്തെ പിന്നിലേയ്ക്കു പറത്തി
ഇണയെക്കാത്തിരുന്ന പക്ഷി
         കാലത്തിനുമപ്പുറത്തേയ്ക്കു നോക്കിയിരുന്നു
കൊക്കിലൊതുക്കിയ ചെറുതുണ്ടുമായ് മറ്റൊരു പക്ഷി
        കാലത്തിലേയ്ക്കു പറന്നടുത്തു.

Tuesday, 22 February 2011

കാത്തിരിപ്പ്

ഒരിക്കലെങ്കിലും ജീവിതത്തിലേക്കു
        മുഖം തിരിക്കേണ്ടതുണ്ട് 
സന്ധ്യയും രാവും
പ്രതീക്ഷകളും പ്രണയവും
കണ്ണീരും പുഞ്ചിരിയും
പൂക്കളും മഴയും പുഴയുമൊക്കെയാണ​‍്
അതു തോന്നിപ്പിക്കുക
കറുപ്പും വെളുപ്പുമിടകലർന്ന
        നിറഭേദങ്ങൾക്കുമപ്പുറം
കലമ്പലുകളുതിരുന്ന ഒരു ലോകമുണ്ട്
കാത്തിരിപ്പും വ്യഥകളുമായി
മരവിച്ച മരക്കൂട്ടങ്ങൾക്കിടയിൽ
തനിച്ചായൊരു പക്ഷിയുടെ
           പ്രലാപങ്ങലുണ്ട്
പാട്ടും നൃത്തവും തിളച്ചുമറിയുന്ന
          നിശകളിലെങ്ങോ
വിങ്ങിപ്പൊട്ടിയൊരു നിലവിളിയുണ്ട്
ചിതറിവീഴുന്ന കാറ്റലകലിലൂടെ
കുതിച്ചുപായുന്ന മിന്നൽ വേഗങ്ങളുണ്ട്
ചാഞ്ഞും ചെരിഞ്ഞും
ഉരുണ്ടും മറിഞ്ഞും
കലങ്ങിയൊഴുകുന്ന വെള്ളപ്പാച്ചിലുകളുണ്ട്
തിരഞ്ഞു തിരഞ്ഞ്
കണ്ണിലെ വെട്ടം തീരും വരെ
പരതിത്തീർന്നൊരു ജീവിതമുണ്ട്
ചുരത്താൻ മറന്ന മുലപ്പാലും
കിടക്കാൻ കൊതിച്ച ഹൃദയവുമുണ്ട്
എന്നിട്ടും,
രാപ്പക്ഷി ഇപ്പൊഴും
നിലാവിനേയും കാത്തിരിക്കുന്നു.

വിട

പൂട്ടിയിരിക്കുന്ന ചങ്ങലയും
നില്ക്കുന്ന കനലിടവും
നെഞ്ചിലെ തീക്കൂടയും
ഞൻ ഏറ്റുവാങ്ങുന്നു
ഇനി നമുക്ക് പരസ്പരം
കാണാത്തവരായി മാറാം.